തിരുവനന്തപുരം / ചെന്നൈ: പിണറായി സർക്കാറിനും പോലീസ് സേനക്കുമെതിരേ നിർണായക വെളിപ്പെടുത്തലുകൾ നടത്തി സി.പി.എമ്മുമായി ബൈ ബൈ പറഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവർ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ പാളയത്തിലേക്കോ?
നാളെ അൻവർ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പാർട്ടി ഡി.എം.കെ മുന്നണിയുടെയും ഇന്ത്യാ മുന്നണിയുടെയും ഭാഗമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
പാർട്ടി പ്രഖ്യാപനത്തിന് മുന്നേ തന്നെ, ഡി.എം.കെ മുന്നണി പ്രവേശം സാധ്യമാക്കാനുള്ള അണിയറ നീക്കങ്ങളിലാണ് അൻവറെന്നാണ് വിവരം. ഇതിന്റെ ആദ്യ പടിയെന്നോണം അൻവറിന്റെ മകൻ മകൻ റിസ്‌വാൻ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായി അറിയപ്പെടുന്ന സെന്തിൽ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയുണ്ട്. ഇതിന് പിന്നാലെ ചെന്നൈയിലെത്തി അൻവർ ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് അറിയുന്നത്. അൻവറിന്റെ അനുയായികൾ ഡി.എം.കെ തലവനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ ചിത്രങ്ങളും പാർട്ടി കൊടിയടയാളവുമെല്ലാം പങ്കുവെച്ചത് ഇതിന്റെ സൂചനയാണെന്നാണ് പറയുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ ഡി.എം.കെയുമായി കൂട്ടുകൂടുന്നതോടെ ഇന്ത്യാ മുന്നണിയിലേക്കും തുടർന്ന് കേരളത്തിൽ യു.ഡി.എഫിന്റെയും ഭാഗമായി അടുത്ത സർക്കാറിൽ പാർട്ടിക്ക് ചുവടുറപ്പിക്കാനും പ്രയാസമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടലുകൾ.
ഡി.എം.കെ മുന്നണിയിലൂടെ അൻവറിന്റെ പാർട്ടിക്ക് കളം ഉറപ്പിക്കാനായാൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ന്യൂനപക്ഷ പോക്കറ്റുകളിൽ അടക്കം സി.പി.എമ്മിൽ വോട്ടു ചോർച്ചയുണ്ടാക്കാനും മറ്റ് അസംതൃപ്തരെ പാർട്ടിയിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നും വിലയിരുത്തലുണ്ട്. ഒപ്പം തമിഴ്‌നാടിന്റെ അതിർത്തി തൊടുന്ന മലപ്പുറം ജില്ലയിലെ വഴിക്കടവ് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ പാർട്ടിക്കപ്പുറമുള്ള വ്യക്തിബന്ധങ്ങൾ തനിക്കുണ്ടെന്നും അത് ഡി.എം.കെയുടെ രാഷ്ട്രീയ നീക്കങ്ങളിൽ കൂടുതൽ ബലം നൽകാൻ സഹായിക്കാനാവുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. മലപ്പുറത്തിന് പുറമെ, തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള അണികളെയും അൻവർ ലക്ഷ്യമിടുന്നുണ്ട്. ബി.ജെ.പിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള ഡി.എം.കെയുടെ മതേതര പ്രതിഛായ ന്യൂനപക്ഷ വോട്ടർമാരിലും മതനിരപേക്ഷ സമൂഹത്തിലും ചലനങ്ങളുണ്ടാക്കുമെന്നും അൻവറിന്റെ ക്യാമ്പ് സ്വപ്‌നം കാണുന്നു. ചെന്നൈയിലെ ചർച്ചകൾ പോസിറ്റീവാണെങ്കിൽ നാളെ മഞ്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡി.എം.കെയുടെ ഒരു പ്രതിനിധി പങ്കെടുക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.
എന്തായാലും ഡി.എം.കെയുമായുള്ള ചർച്ചയിലൂടെ അൻവർ പാർട്ടിക്ക് പുത്തൻ പ്രതീക്ഷ പകരുന്നത് കൂടുതൽ പേരെ അടുപ്പിക്കാനും ചെറുപാർട്ടികളിൽ അടക്കം ഇളക്കമുണ്ടാക്കാനും സഹായകമാവുമെന്നും പറയുന്നു. അതിനിടെ, ബന്ധു കൂടിയായ എൻ.സി.പിയുടെ ഒരു നേതാവും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയും അൻവറുമായി ചില ചർച്ചകൾ നടത്തിയതായി വിവരമുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും അമ്പേ പ്രതിരോധത്തിലാക്കിയ പി.വി അൻവറിന്റെ പിന്നാലെ പോയി അനാവശ്യമായ വാർത്താ പ്രാധാന്യം അൻവറിന് ഉണ്ടാക്കേണ്ടതില്ലെന്ന നിർദേശവും സി.പി.എം നേതൃ തലത്തിലുണ്ട്. അൻവറിന്റെ പുതിയ നീക്കങ്ങൾക്കെതിരേ പാർട്ടി അണികളെ സംഘടനാ തലത്തിൽ തടഞ്ഞു നിർത്താനാകുമെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് പ്രതിഷേധ വോട്ടുകളായി അൻവർ ഇംപാക്ട് ഉണ്ടാകുമോ എന്ന ഭയം ഉള്ളവരും സി.പി.എമ്മിലുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനെ സഹായിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ അതേപ്പടി മുഴുവനായും വീഴില്ലെന്നും മുഖ്യമന്ത്രിയുടെ വകുപ്പിൽ വമ്പൻ വീഴ്ചകളുണ്ടായത് വൻ തിരിച്ചടിയാകുമെന്നും കരുതുന്നവർ ഏറെയാണ്.