ന്യൂ ഡൽഹി: ലഡാക്കിലെ ലേ നഗരത്തിൽ ‘ലേ അപെക്സ് ബോഡി’ (എൽ.എ.ബി) ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പൊലീസിന്റെ വെടിവെപ്പാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. അക്രമാസക്തമായ ജനക്കൂട്ടം ലേയിലെ ബി.ജെ.പി ഓഫിസിന് തീയിട്ടു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പ്രത്യേക അവകാശങ്ങളും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടെയാണ് സംഘർഷവും വെടിവെപ്പും ഉണ്ടായത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ലഡാക്ക് പ്രതിനിധികൾ കേന്ദ്രസർക്കാരുമായി ഒക്ടോബർ ആറിന് ചർച്ച നടത്താനിരിക്കവെയാണ് പ്രക്ഷോഭം. പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ലേയിൽ അക്രമം തുടരുന്നതിനാൽ സുരക്ഷ ശക്തമാക്കി, നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നഷ്ടപ്പെട്ട ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ഇതോടെ നഷ്ടമായ സംരക്ഷണം ഭരണഘടനയുടെ ആറാം പട്ടികയിലൂടെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സെപ്റ്റംബർ 10-ന് വാങ്ചുക്കിന്റെ നേതൃത്വത്തിൽ 15 പേർ നിരാഹാര സമരം ആരംഭിച്ചു. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ് ഈ സമരം.
ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ എൽ.എ.ബിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെ.ഡി.എ) ദീർഘകാലമായി നടത്തിവരുന്ന പ്രതിഷേധങ്ങളെ തുടർന്ന് 2023 ജനുവരി 2-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നു. എൽ.എ.ബിയും കെ.ഡി.എയും ചേർന്ന് മേയ് 27-ന് നടത്തിയ അവസാന യോഗത്തിന് ശേഷം തുടർചർച്ചകൾ ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം ആരംഭിച്ചത്. 14 ദിവസം പിന്നിട്ട സമരത്തിനിടെ, രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് എൽ.എ.ബി യുവജന വിഭാഗം ബന്ദിനും പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തു.



