- വയനാട് വന്യജീവി സംഘർഷം സഭയിൽ ഉന്നയിച്ച് പ്രിയങ്ക
ന്യൂഡൽഹി: ഫലസ്തീൻ ബാഗുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ. കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദാണ് പ്രിയങ്കയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ സമ്മാനിച്ച ബാഗാണിതെന്നാണ് വിവരം. പിറന്ന മണ്ണിൽ ജീവശ്വാസത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് കൂടിക്കാഴ്ചയിൽ പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചിരുന്നു. ഒപ്പം ഫലസ്തീനുമായുള്ള ആത്മബന്ധങ്ങളും അവർ അനുസ്മരിക്കുകയുണ്ടായി.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് ഇന്ത്യ സന്ദർശിച്ചപ്പോൾ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക ഗാന്ധി ഓർത്തെടുത്തു.

അതേസമയം, ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിലും സന്ദർശനത്തിലും പാർല്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലും പ്രിയങ്കാ ഗാന്ധിയെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസർ അഭിനന്ദനങ്ങൾ അറിയിച്ചു. വെടിനിർത്തൽ കരാർ കൊണ്ടുവരുന്നതിൽ മാത്രമല്ല, ഇസ്രായേലിന്റെ സൈനിക ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഗാസ മുനമ്പിന്റെ പുനർനിർമാണത്തിലും ഇന്ത്യ പ്രധാന പങ്കുവഹിക്കണമെന്ന കാര്യം ഫലസ്തീൻ നയതന്ത്ര പ്രതിനിധി കൂട്ടാക്കാഴ്ചയിൽ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
അതിനിടെ, വയനാട്ടിലെ മനുഷ്യ-വന്യമൃഗ സംഘർഷം പ്രിയങ്കാ ഗാന്ധി ലോകസഭയിൽ ഉന്നയിച്ചു. ഒരു വർഷത്തിനിടെ 90 പേർ സംഘർഷത്തിന് ഇരയായി. ഒരാൾക്ക് നേരെ കഴിഞ്ഞദിവസവും കാട്ടാനയുടെ ആക്രമണം ഉണ്ടായി. വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം കൂട്ടണമെന്നും അവർ സഭയിൽ ആവശ്യപ്പെട്ടു. വയനാടിനോടുള്ള കേന്ദ്ര സർക്കാറിന്റെ തെറ്റായ സമീപനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസങ്ങളിൽ അവർ പ്രതികരിച്ചിരുന്നു.