ന്യൂഡൽഹി– 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 127 സൈനികർ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങും. ഓപ്പറേഷൻ സിന്ധൂറിൽ നിർണായക പങ്കുവഹിച്ചവർക്ക് മൂന്ന് സൈനിക വിഭാഗങ്ങളിൽ നിന്നുള്ള മെഡലുകൾ ലഭിക്കും. 4 പേർക്ക് കീർത്തി ചക്ര, 15 പേർക്ക് വീർ ചക്ര, 16 പേർക്ക് ശൗര്യ ചക്ര, 58 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡൽ, 26 പേർക്ക് വായുസേന മെഡൽ, 9 പേർക്ക് ഉത്തം യുദ്ധ സേവ മെഡൽ എന്നിവ നൽകും.
മലയാളിയായ നാവികസേന കമാൻഡർ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡലും, വൈസ് അഡ്മിറൽ എ.എൻ. പ്രമോദിന് യുദ്ധ സേവ മെഡലും ലഭിക്കും. ബിഎസ്എഫിൽ നിന്ന് 2 പേർക്ക് വീർ ചക്രയും, ഓപ്പറേഷൻ സിന്ധൂറിൽ പങ്കെടുത്ത വ്യോമസേനയിലെ എയർ വൈസ് മാർഷൽ ജോസഫ് സ്വാരസ്, എ.വി.എം. പ്രജ്യൽ സിങ്, എയർ കമാൻഡർ അശോക് രാജ് താക്കൂർ എന്നിവർക്ക് യുദ്ധ സേവ മെഡലും ലഭിക്കും. കൂടാതെ, ഓപ്പറേഷനിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാർക്ക് യുദ്ധ സേവ മെഡലും 9 പൈലറ്റുമാർക്ക് വീർ ചക്രയും നൽകും.
കരസേനയിൽ 2 പേർക്ക് സർവോത്തം യുദ്ധ സേവ മെഡലും 4 പേർക്ക് കീർത്തി ചക്രയും ലഭിക്കും. ഓപ്പറേഷൻ സിന്ധൂർ ഇന്ത്യയുടെ നൂതന യുദ്ധതന്ത്രത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും സ്വയംപര്യാപ്തതയുടെയും മാതൃകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.