ലഖ്‌നൗ– മുസ്ലിമായതിന്റെ പേരിൽ തനിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള യുവതി. പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തനിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായതായി യുവതി ആരോപിച്ചത്. ജൗൻപൂർ ജില്ലയിലെ ഒരു ആശുപത്രിയിൽ സെപ്റ്റംബർ 30 ന് ചികിത്സ തേടി എത്തിയപ്പോളാണ് സംഭവമെന്ന് യുവതി പറഞ്ഞു. ജില്ലാ വനിതാ ആശുപത്രിയിൽ ചികിത്സ തേടിയ ശമ പർവീൻ എന്ന യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നത്.
“അവൾ ഒരു മുസ്ലീമാണ്….. ഞാൻ അവളെ ചികിത്സിക്കില്ല… മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ,” എന്ന് ഡോക്ടർ സ്ത്രീയുടെ ഒപ്പം വന്നവരോട് പറഞ്ഞതായാണ് ആരോപണം. അതേസമയം, ആരോപണവിധേയനായ ഡോക്ടർ ഇത് നിഷേധിച്ചതായാണ് വിവരം.
ചികിത്സ നിഷേധിക്കപ്പെട്ടതായി ശമ പർവീൻ പറയുന്ന വീഡിയോ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതേതുടർന്ന്, ജോൺപുർ ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥർ ഡോക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.