റിഷ്‌ക– അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ പിടിയിലായ ബി.എസ്.എഫ്. ജവാന്റെ ഭാര്യ രജനി പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് പുറപ്പെട്ടു. ബുധനാഴ്ച ഡ്യൂട്ടിക്കിടെയാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് കോണ്‍സ്റ്റബിള്‍ റാങ്കുള്ള പുര്‍ണം കുമാര്‍ ഷായെ (40) പാക്ക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. പുര്‍ണം പിടിയിലായി നാലും ദിവസം കഴിഞ്ഞിട്ടും ഇതുവരെ വ്യക്തമായ മറുപടി ആരും നല്‍കിയില്ലെന്ന് രജനി പറഞ്ഞു. ഇന്ന് അമൃത്സര്‍ മെയില്‍ ട്രെയിന്‍വഴി പഠാന്‍കോട്ടെത്തി നേരിട്ട് ഉത്തരം തേടുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൂര്‍ണഗര്‍ഭിണിയായ രജനി ബംഗാളില്‍ നിന്ന് ഇത്രയും ദൂരം യാത്രചെയ്യുന്നത് പൂര്‍ണത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ പിന്താങ്ങിയിരുന്നില്ല. പിന്നീടാണ് അനുവാദം നല്‍കിയത്. കേന്ദ്രവുമായി ബന്ധപ്പെട്ട് വിഷയം നിരന്തരമായി പിന്തുടരുമെന്ന് റിഷ്‌ന മുന്‍സിപ്പല്‍ ചെയര്‍മാന്‍ വീട്ടിലെത്തി ഉറപ്പ് നല്‍കിയിരുന്നു. രജനിക്കും പുര്‍ണത്തിനും ഏഴു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇനിയും ഉത്തരം കിട്ടിയില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് പോകും. പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കണം, രജനി പറഞ്ഞു. പാകിസ്ഥാന്‍ പുറത്തുവിട്ട പുര്‍ണത്തിന്റെ കണ്ണ് മൂടികെട്ട ചിത്രം കാണുമ്പോള്‍ ആശങ്ക വര്‍ധിക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.