തൃശൂർ: തൃശൂർ പൂരം അലങ്കോലമായ ദിവസം ആംബുലൻസിൽ പൂര നഗരിയിലെത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് കേസെന്ന് പോലീസ് വ്യക്തമാക്കി. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസിൽ യാത്ര ചെയ്‌തെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. പോലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്.ഐ.ആറിയിലുണ്ട്. ആറു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് സി.പി.ഐ നേതാവിന്റെ പരാതിയിലുള്ളത്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും പരാതിയിലുണ്ട്.
പൂരം അലങ്കോലമായ ദിവസം രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. പോലീസ് സഹായത്തോടെയുള്ള ഈ നീക്കം ഏറെ വിവാദമായിരുന്നു. ആംബുലൻസിൽ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും താൻ ആംബുലൻസിൽ യാത്ര ചെയ്തിട്ടില്ലെന്നും അത് മായാക്കാഴ്ചയാണെന്നും ഈയിടെ ചേലക്കര ഉപതെരഞ്ഞെടുപ്പ് കൺവൻഷനിടെ സുരേഷ് ഗോപി കള്ളം പറഞ്ഞിരുന്നു.
ഇക്കാര്യം വസ്തുതാപരമായി ശ്രദ്ധയിൽ പെടുത്തിയപ്പോൾ സുരേഷ് ഗോപി മാധ്യമങ്ങൾക്കെതിരേ തിരിയുകയായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങൾ അടക്കം കേന്ദ്രമന്ത്രിയുടെ കള്ളം പൊളിച്ചതോടെ സുരേഷ് ഗോപി താൻ ആംബുലൻസിൽ സഞ്ചരിച്ചതായി സത്യം പറയാൻ നിർബന്ധിതനാവുകയായിരുന്നു.