ന്യൂ ഡൽഹി– അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലായിരുന്നു അനുശോചന കുറിപ്പ്. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി അനുശോചനമറിയിച്ചത്.
‘കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്’. ഇങ്ങനെയായിരുന്നു പ്രധാന മന്ത്രിയുടെ കുറിപ്പ്. തങ്ങൾ രണ്ടു പേരും ഒരുമിച്ചു നിൽക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.