ന്യൂഡല്‍ഹി– പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മൂന്ന് ദിവസം മുമ്പ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ചയുണ്ടാതായി സര്‍ക്കാര്‍ സമ്മതിച്ചു. അത് പരിഹരിക്കുകയും ചെയ്യും, പക്ഷെ ഭീകരാക്രമണത്തെ കുറിച്ച് അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ഏപ്രില്‍ 24ന് നടന്ന സര്‍വകക്ഷിയോഗത്തിലാണ് സുരക്ഷാ വീഴ്ച പറ്റിയതായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റുപറഞ്ഞത്.
സാധാരണ എല്ലാ വർഷവും ബൈസരന്‍ വാലിയിലേക്കുള്ള പ്രവേശനം ജൂണിലെ അമര്‍നാഥ് യാത്രക്ക് ശേഷം മാത്രമേ അനുവദിക്കാറുള്ളു. എന്നാൽ ഈ വർഷം ബൈസരന്‍ വാലി തുറന്നുകൊടുക്കുന്ന കാര്യം പ്രാദേശിക അധികാരികള്‍ സുരക്ഷാ സേനയെ അറിയിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ചോദ്യത്തിനുള്ള സര്‍ക്കാറിൻ്റെ മറുപടി.
കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ആദ്യത്തെ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫിന് പ്രധാനമന്ത്രി പങ്കെടുക്കുന്ന സമയത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിടുന്നതായി സൂചന ലഭിച്ചിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുണ്ടാവുമെന്ന പ്രവചനവും കണക്കിലെടുത്താണ് ഏപ്രില്‍ 19ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രധാനമന്ത്രിയുടെ യാത്ര മാറ്റിവെച്ചതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പി.ടി.ഐ) റിപ്പോര്‍ട്ട് ചെയ്തു.