മുംബൈ: ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളായ ജുഡീഷ്യറി, ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ് എന്നിവ തുല്യമാണെന്ന് ശക്തമായി ഓര്‍മ്മിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി. സ്വന്തം നാടായ മഹാരാഷ്ട്രയിലെ തന്റെ ആദ്യ സന്ദര്‍ശന വേളയില്‍ പ്രോട്ടോക്കോള്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം എക്‌സിക്യൂട്ടീവിനെ ലക്ഷ്യമിട്ട്, ജഡ്ജിമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിരുന്നെങ്കില്‍ ആര്‍ട്ടിക്കിള്‍ 142-നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നേനെ എന്ന് സൂചിപ്പിച്ചു.
കഴിഞ്ഞ മാസം ആണ് രണ്ടാമത്തെ ദലിത് ചീഫ് ജസ്റ്റിസായി ഗവായി സ്ഥാനമേറ്റെടുത്തത്. അദ്ദേഹം മുംബൈയില്‍ മഹാരാഷ്ട്ര-ഗോവ ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ആദരണ ചടങ്ങില്‍ പങ്കെടുക്കുകയും ബാബാസാഹേബ് അംബേദ്കറിന്റെ സ്മാരകമായ ചൈത്യ ഭൂമി സന്ദര്‍ശിക്കുകയും ചെയ്തു.
ആദരണ ചടങ്ങില്‍ മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, മുംബൈ പോലീസ് കമ്മിഷണര്‍ എന്നിവരുടെ അസാന്നിധ്യം ചീഫ് ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി. ‘ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ തുല്യമാണ്. ഓരോ ഭരണഘടനാ സ്ഥാപനവും പരസ്പര ബഹുമാനം പ്രകടിപ്പിക്കണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ആദ്യമായി സംസ്ഥാനത്തെത്തുമ്പോള്‍, പ്രധാന ഉദ്യോഗസ്ഥര്‍ സാന്നിധ്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രോട്ടോക്കോള്‍ എന്നത് ഒരു ഭരണഘടനാ സ്ഥാപനം മറ്റൊന്നിന് നല്‍കുന്ന ബഹുമാനത്തിന്റെ പ്രതിഫലനമാണ് -അദ്ദേഹം വ്യക്തമാക്കി.
‘ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവന്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍, അവര്‍ക്ക് നല്‍കുന്ന പരിഗണന പുനര്‍വിചിന്തനം ചെയ്യണം. ഇത്തരം വീഴ്ചകള്‍ ചെറുതായി തോന്നാമെങ്കിലും, പൊതുജനങ്ങള്‍ ഇതറിയേണ്ടത് അത്യാവശ്യമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ അറിഞ്ഞതിന് പിന്നാലെ ചൈത്യ ഭൂമിയില്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക്, ഡി.ജി.പി രശ്മി ശുക്ല, മുംബൈ പോലീസ് കമ്മിഷണര്‍ ദേവന്‍ ഭാര്‍തി എന്നിവര്‍ സന്നിഹിതരായി. പ്രോട്ടോക്കോള്‍ വീഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘പ്രോട്ടോക്കോളുകളില്‍ തനിക്ക് അതിശയോക്തി ഇല്ല, സംഭവിച്ചത് മാത്രമാണ് പറഞ്ഞത് എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.