ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX2745) യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയതായി റിപ്പോര്‍ട്ട്. രാത്രി 9:35-ന് പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനമാണ് വൈകി പുറപ്പെട്ടത്.
വിമാനം രാത്രി 8:55-ന് ബോര്‍ഡിങ് ആരംഭിച്ചിരുന്നു. എന്നാല്‍, ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് സുരക്ഷാ മുന്നറിയിപ്പ് ഉണ്ടായി, ഇത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന് ശേഷം, വിമാനത്താവള അധികൃതര്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി, വിമാനത്തിലെ എല്ലാ ലഗേജുകളും വീണ്ടും വിശദമായി പരിശോധിച്ചു.
അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരന്റെ പ്രവൃത്തി മനഃപൂര്‍വമായിരുന്നോ അതോ അബദ്ധത്തില്‍ സംഭവിച്ചതോ എന്ന് അന്വേഷണത്തിലൂടെ വ്യക്തമാക്കും.