ന്യൂഡല്‍ഹി– ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ നടത്തിയ ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളുടെ ഫോട്ടോ സുരക്ഷാസേന പുറത്തുവിട്ടു. ആസിഫ് ഫൗജ്, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുടെ രേഖാചിത്രം പുറത്ത് വിട്ടതിന് പിന്നാലെയാണ് നാല് പേര്‍ നില്‍ക്കുന്ന ഫോട്ടോ സൈന്യം പുറത്ത് വിട്ടത്. നാലാമന്‍ ആരാണന്നെ് സൈന്യം വ്യക്തമാക്കിയിട്ടില്ല. ബൈസരണ്‍ വാലിയില്‍ ആറുപേര്‍ അക്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ട് പേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു.
പുറത്തുവിട്ട രേഖാ ചിത്രത്തിലെ മൂന്ന് പേരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ അംഗങ്ങളാണ്. നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ പ്രാദേശിക വിഭാഗമാണ് റെസിസ്റ്റന്‍ഡ് ഫ്രണ്ട്.
ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കറെ ത്വയിബയുടെ കമാന്‍ഡര്‍ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാകിസ്ഥാന്‍ അധീന കശ്മീരില്‍ നിന്നാണ് ഇയാള്‍ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്യേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഭീകരതെക്കെതിരെ പോരാടാന്‍ യു.എസ്, ബ്രിട്ടന്‍, ഇറ്റലി, സൗദി അറേബ്യ, ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയതോടെ പാകിസ്ഥാനില്‍ അതിര്‍ഥി ഗ്രാമങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്. ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇന്ത്യ വിശദീകരണം തള്ളിയിരിക്കുകയാണ്.