ന്യൂഡല്‍ഹി– ജമ്മുകശ്മീരില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍- ഇന്ത്യ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അയല്‍ രാജ്യവുമായുള്ള യുദ്ധത്തെ അനുകൂലിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഹല്‍ഗാം സംഭവത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചു, ഞങ്ങള്‍ യുദ്ധത്തിന് അനുകൂലമല്ല അദ്ദേഹം കൂട്ടിചേര്‍ത്തു. അതേ സമയം കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം കര്‍ണാടകയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
പാകിസ്ഥാനുമായുള്ള യുദ്ധത്തെ അനുകൂലിക്കില്ലെന്ന സിദ്ധരാമയ്യയുടെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. സാഹചര്യം അനുസരിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക് പറഞ്ഞു. ”രാജ്യത്ത് പ്രൊഫഷനല്‍ സായുധ സേനകളുണ്ട്. ഏത് സാഹചര്യത്തിലും ഉചിതമായ തീരുമാനമെടുക്കാന്‍ ആവശ്യമായ അനുഭവപരിചയം അവര്‍ക്കുണ്ട്, ഈ വിഷയത്തില്‍ നിങ്ങളുടെ ഉപദേശം അവര്‍ക്കാവിശ്യമില്ലെ, സംസ്ഥാനത്ത് അനധികൃതമായി കുടിയേറിയ പാകിസ്ഥാന്‍ റോഹിങ്ക്യക്കാരെ നാടുകടത്തി കന്നഡിഗരുടെ സുരക്ഷ ഉറപ്പാക്കണം” ആര്‍ അശോക് പറഞ്ഞു.
ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ സഞ്ചാരികള്‍ക്ക നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 29 പേര്‍ കൊല്ലപ്പെട്ടു. ഇതിനെതിരെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മൂന്ന് പാകിസ്ഥാനികളടക്കം ആറോളം ആളുകള്‍ നടത്തിയ ഭീകരാക്രമണത്തിന് സഹായം നല്‍കിയവരെ അധികൃതര്‍ അന്യേഷിക്കുകയാണ്. അനന്തനാഗിലും പുല്‍വാമയിലും സുരക്ഷാ സേന വിപുലമായ ഓപ്പറേഷനുകള്‍ ആരംഭിച്ചു.