ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ജെയ്ഷ്-ഇ-മുഹമ്മദ് , ലഷ്‌കര്‍-ഇ-തൊയ്ബ , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
ജെയ്ഷിന്റെ ശക്തികേന്ദ്രമായ ബഹവാല്‍പൂരിലും ലഷ്‌കറിന്റെ കേന്ദ്രമായ മുരിദ്‌കെയിലെ മസ്ജിദ് വാ മര്‍കസ് തൈബയിലും നടത്തിയ ആക്രമണങ്ങളില്‍ ഓരോ സ്ഥലത്തും 25-30 ഭീകരര്‍ കൊല്ലപ്പെട്ടു. മുരിദ്‌കെ ലഷ്‌കറിന്റെ പ്രധാന താവളമാണ്. കോട്ലിയിലെ മര്‍കസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്‌ന ബിലാല്‍ ക്യാമ്പ്, ബര്‍നാലയിലെ മര്‍കസ് അഹ്ലെ ഹദീസ്, ഷ്വവായ് നല്ല ക്യാമ്പ്, ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കോട്ലിയിലെ മകാസ് റഹീല്‍ ഷഹീദ്, സിയാല്‍കോട്ടിലെ മെഹ്‌മൂന ജോയ എന്നിവയാണ് ആക്രമണം നടത്തി മറ്റ് കേന്ദ്രങ്ങള്‍. ഒന്‍പത് ലക്ഷ്യസ്ഥാനങ്ങളില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. ആക്രമണത്തിന് റഫാല്‍ യുദ്ധവിമാനങ്ങളില്‍ സ്‌കാല്‍പ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചു.
അതേസമയം ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ 26 പൗരന്മാര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ വ്യക്തമാക്കി. ശക്തമായ മറുപടി’ നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ‘പ്രഖ്യാപിച്ചു. എന്നാല്‍, ഇന്ത്യ ഭീകര താവളങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ, പാകിസ്ഥാന്‍ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ശക്തമായ ഷെല്ലാക്രമണം ആരംഭിച്ചു. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. പാക് വെടിവയ്പ്പില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.