കോഴിക്കോട്– ഇന്ത്യക്ക് വേണ്ടി ലോക അത്ലറ്റിക് ട്രാക്കുകളിൽ ഓടാൻ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ ഇനിയുണ്ടാകില്ല. ഫെയ്‌സ്ബുക്കിലൂടെ താരം അത്ലറ്റികിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 34-ാം വയസിലാണ് പ്രഖ്യാപനം. നിരവധി റെക്കോഡുകൾ കരസ്ഥമാക്കിയ ജിൻസണെ രാജ്യം 2018-ൽ അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.
2018ൽ തന്നെ 800 മീറ്ററിൽ 42 വർഷം മുമ്പ് ശ്രീറാം സിങ് സ്ഥാപിച്ച റെക്കോഡ് ജിൻസൺ തകർത്തിരുന്നു. ഇന്നും ഈ റെക്കോർഡ് താരത്തിന്റെ പേരിലാണ്. ഇതേ വർഷം ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 1500 മീറ്ററിൽ 23 വർഷം മുൻപ് ബഹാദൂർ പ്രസാദ് സ്ഥാപിച്ച റെക്കോഡും ജിൻസൺ തകർത്തു. തുടർന്ന് ജർമനിയിലെ ബെർലിനിൽ 3:35.24 സെക്കൻഡിൽ ഓടിയെത്തി ഈ റെക്കോഡ് വീണ്ടും മെച്ചപ്പെടുത്തി. മൂന്ന് തവണ ഗെയിംസ് മെഡലുകളും രണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും താരം രാജ്യത്തിന് വേണ്ടി നേടി. 2016-ലെ റിയോ ഒളിമ്പിക്‌സ്, ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും രാജ്യത്തിന് ട്രാക്കുകളിൽ ഓടിയിട്ടുണ്ട്.
കോഴിക്കോട് ചക്കിട്ടപ്പാറയിൽ 1991 മാർച്ച് 15-ന് ജനിച്ച ജിൻസൺ, ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും കൂരാച്ചുണ്ട് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലുമാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോട്ടയം എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദം നേടി.



