ഇംഫാൽ/ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി പി). സംഘർഷം അവസാനിപ്പിക്കുന്നതിൽ ബീരേൻ സിങ് സർക്കാർ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തിയാണ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എൻ പി പി പിന്തുണ പിൻവലിച്ചത്.
ഏഴ് അംഗങ്ങളാണിവിടെ എൻ.പി.പിക്കുള്ളത്. എന്നാൽ, സർക്കാറിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ എൻ.പി.പി പിന്തുണയില്ലെങ്കിലും മണിപ്പൂരിൽ ഭരിക്കാൻ ബി.ജെ.പിക്ക് ഭീഷണിയില്ല. 60 അംഗ സഭയിൽ 37 ബി.ജെ.പി എം.എൽ.എമാരിലൂടെ കേവല ഭൂരിപക്ഷമുള്ളതിനാൽ ബീരേൻ സിംഗ് സർക്കാറിന് അട്ടിമറി സാധ്യതകളില്ലെങ്കിലും ദേശീയ തലത്തിൽ എൻ.ഡി.എക്കേറ്റ കനത്ത പ്രഹരമാണ് ഘടകകക്ഷിയുടെ തീരുമാനം.
മണിപ്പൂരിലെ പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നത തല യോഗം ചേരുന്നതായാണ് റിപോർട്ട്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കിയാണ് അമിത് ഷാ ഡൽഹിക്കു പറന്നത്.
മന്ത്രിമാർക്കും ഭരണ-പ്രതിപക്ഷ എം.എൽ.എമാർക്കും അവരുടെ വസതികൾക്കും നേരെ പ്രതിഷേധക്കാർ ഇരച്ചുകയറുകയും ജിരിബാമിലെ ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ വ്യാപക ആക്രമണവുമാണ് പോയദിവസങ്ങളിൽ മണിപ്പൂരിലുണ്ടായിക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ ജീവനുകളും വ്യാപക നാശനഷ്ടങ്ങളും റിപോർട്ട് ചെയ്തിട്ടും സർക്കാർ തീർത്തും നിസ്സംഗതയിലാണ്.