ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഈമാസം 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. സമ്മേളനത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. രാജ്യസഭാ സമ്മേളനം 27 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും.
ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപദി മുർമു നയപ്രസംഗത്തിലൂടെ അഭിസംബോധന ചെയ്തശേഷം പാർലമെന്റ് നടപടികൾ ആരംഭിക്കും.
പ്രൊടെം സ്പീക്കറെ തെരഞ്ഞെടുക്കുകയാണ് ആദ്യ നടപടി. സാധാരണ സഭയിലെ മുതിർന്ന അംഗമാണ് പ്രൊടെം സ്പീക്കർ പദവിവഹിക്കുക. നിലവിൽ കേരളത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷാണ് സഭയിലെ മുതിർന്ന അംഗം. പ്രൊടെം സ്പീക്കർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സത്യപ്രതിജ്ഞ ചെല്ലിക്കൊടുക്കും.
എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം 18-ാം ലോക്സഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. 2024-25 വർഷത്തെ സന്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനായി പാർലമെന്റിൽ പ്രത്യേക മണ്‍സൂണ്‍ സെഷൻ നടത്താൻ സാധ്യതയുണ്ട്.