ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ 26ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന് പിന്നാലെ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെലക്ഷൻ കമ്മിറ്റി യോഗത്തിലെ തന്റെ വിയോജന കുറിപ്പാണ് അദ്ദേഹം എക്‌സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അർദ്ധ രാത്രിയിലെ തീരുമാനം മര്യാദയില്ലാത്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
‘അടുത്ത തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ, ഞാൻ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഒരു വിയോജനക്കുറിപ്പ് നൽകി. എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.
സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ മോദി സർക്കാർ വഷളാക്കിയിരിക്കുന്നു.
അംബേദ്കറുടെയും നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യേണ്ടത് ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ കടമയാണ്. കമ്മറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ വാദം കേൾക്കുകയും ചെയ്യുമ്പോൾ, പുതിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള അർദ്ധരാത്രി തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണ്.’- രാഹുൽ ഗാന്ധി വ്യക്തമാക്കി.