പട്‌ന– നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിനു പിന്നാലെ ജെഡിയുവിനെ വെല്ലുവിളിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പ് വാഗ്ദാനമായ മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന പ്രകാരം 1.5 കോടി സ്ത്രീകള്‍ക്ക് 2 ലക്ഷം നല്‍കുന്ന പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിലും 60,000 സ്ത്രീകള്‍ക്ക് നല്‍കിയ ആദ്യ ഗഡുവായി 10,000 രൂപ നല്‍കിയത് വോട്ട് വാങ്ങാനുള്ള തന്ത്രമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ ബാക്കി തുകയായ 1.9 ലക്ഷം രൂപ ആറു മാസത്തിനകം ബിഹാറിലെ സ്ത്രീകള്‍ക്ക് കൈമാറിയാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും, എന്തിന് രാഷ്ട്രീയം ബിഹാര്‍ തന്നെ ഉപേക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഹാറില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞ സാഹചര്യത്തില്‍ വനിതാ സ്വയം തൊഴില്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. സഹായം ലഭിക്കാത്ത സ്ത്രീകള്‍ക്കായി കിഷോര്‍ കുമാര്‍ ഒരു ഹെല്‍പ് ലൈന്‍ നമ്പറും (9121691216) നല്‍കിയിട്ടുണ്ട്. പദ്ധതി ലഭിക്കാനായി സ്ത്രീകള്‍ക്കു വേണ്ടി ഓഫീസുകളില്‍ പോവാനും മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണാനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്കേറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



