ന്യഡൽഹി– എൻസിഇആർടി ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് നിർണ്ണായക ഭാഗങ്ങൾ നീക്കികളഞ്ഞും വസ്തുതകൾ വളച്ചൊടിച്ചും വിദ്യാർത്ഥികളിൽ നിന്ന് സത്യസന്ധമായ ചരിത്രബോധം കവർന്നെടുക്കാനുള്ള ശ്രമമാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി. ലോക്സഭയിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം സമ്മിശ്ര സംസ്‌കാരത്തെ സംബന്ധിച്ച ഭരണഘടനാപരമായ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും പിൻവലിച്ച പാഠഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
നമ്മുടെ ഭരണഘടനയുടെ മുഖവുരയിൽത്തന്നെ അടങ്ങിയിട്ടുള്ള നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ തത്ത്വങ്ങൾ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സാംസ്‌കാരികമായ കൂടിച്ചേരലുകളിലൂടെ രൂപപ്പെട്ടതാണ്. മുഗൾ ഭരണത്തെയും ടിപ്പുസുൽത്താനെയും സംബന്ധിച്ച നിർണ്ണായകമായ അദ്ധ്യായങ്ങളാണ് ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് എൻസിആർടി നീക്കിക്കളഞ്ഞത്.
എല്ലാവരോടും സൗഹൃദം എന്നതായിരുന്നു മുഗൾ ചക്രവർത്തി അക്ബറിന്റെ നയം. ടിപ്പുസുൽത്താനാകട്ടെ മതവിശ്വാസങ്ങൾക്കിടയിൽ മമതയാണ് കൈക്കൊണ്ടത്. രാജ്യത്തിന്റെ വൈവിദ്ധ്യത്തിൽ എന്നെന്നും നിലനിൽക്കുന്ന ഐക്യത്തിന്റെ പാഠങ്ങളാണ് ഇവരുടെ ചരിത്രങ്ങൾ പ്രദാനം ചെയ്തത്. ഈ ചരിത്രാഖ്യാനങ്ങളുടെ തമസ്‌കരണം യുവമനസ്സുകളെ ദരിദ്രമാക്കുമെന്നും സമദാനി അഭിപ്രായപ്പെട്ടു.
യഥാർത്ഥ രാജ്യസ്നേഹം ആവശ്യപ്പെടുന്നത് ചരിത്രത്തെ അതിന്റെ സാകല്യത്തിൽ അഭിമുഖീകരിക്കാനാണ്. പക്ഷെ ചരിത്രം തിരുത്തിയെഴുതുന്ന എൻസിആർടിയുടെ പ്രത്യയശാസ്ത്രത്തെ അനുവദിക്കാൻ കഴിയില്ലെന്നും സമദാനി പറഞ്ഞു.