നാഗ്പൂര്‍– തിങ്കളാഴ്ച നാഗ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആരോപിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗ് സേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധവും അതിനെ തുടർന്നുണ്ടായ സംഘർഷവുമാണ് കലാപത്തിലേക്ക് നയിച്ചത്.
നിയമസഭയിൽ സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി, അക്രമത്തില്‍ ചത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ‘ഛാവ’ സിനിമയെ കുറ്റപ്പെടുത്തി. ജനങ്ങള്‍ അക്രമത്തിൽ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സംഭവത്തില്‍ ബി.ജെ.പി നേത്രത്തിലുള്ള സര്‍ക്കാറിനെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര കുറ്റപ്പെടുത്തി. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി മനപൂര്‍വ്വം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും 300 വര്‍ഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നാട്ടില്‍ ഇതെങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ഔറംഗ് സേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ വി.എച്ച്.പി രംഗത്ത് വന്നതു മുതലാണ് പ്രശ്‌നത്തിന്റെ തുടക്കം. അക്രമം നിയന്ത്രിക്കാനും ജനങ്ങളെ പിരിച്ചുവിടാനും സുരക്ഷാ സേന കണ്ണീര്‍ വാതവും ലാത്തിചാര്‍ജും പ്രയോഗിച്ചു.
സംഘര്‍ഷ സ്ഥലത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി,എന്‍.എസ്) സെക്ഷന്‍ 163 പ്രകാരം നാഗ്പൂരിലെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസില്‍, ലകദ്ഗഞ്ച്, പച്ച്‌പോളി, ശാന്തിനഗര്‍, സക്കര്‍ദാര, നന്ദന്‍വാന്‍, ഇമാംവാഡ, യശോധരനഗര്‍, കപില്‍ നഗര്‍ എന്നീ പോലീസ്‌റ്റേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത വരെ നിരോധരാജ്ഞ തുടരും. സംഭവത്തില്‍ 50 തിലധികം ആളുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.