മുംബൈ – മഹാരാഷ്ട്രയിലെ ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ നമസ്കരിച്ചതിനെ തുടർന്ന് ശുദ്ധി കലാശം നടത്തി ഹിന്ദുത്വ സംഘടനകൾ. ബിജെപി എംപി മേധ കുൽക്കണിയുടെ നേതൃത്വത്തിൽ ഗോമൂത്രം തളിച്ചും പ്രാർത്ഥന നടത്തിയുമാണ് ശുദ്ധീകരിച്ചത്. മുസ്ലിമുകൾ നമസ്കരിച്ച സ്ഥലത്ത് ശിവനെ ആരാധിച്ച് ശുദ്ധീകരിക്കണമെന്ന് മേധ ആവശ്യപ്പെട്ടു. മറാത്ത സാമ്രാജ്യത്തിന്റെ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ ശനിവാർ വാഡയിൽ നമസ്കരിക്കുന്ന വീഡിയോ അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കണമെന്നും എംപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. ഹിന്ദു സംസ്കാരവും പാരമ്പര്യവും ചരിത്രവുമെല്ലാം ആഘോഷിക്കപ്പെടേണ്ടതാണ്. എന്നാൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ്. ശനിവാർ വാഡ മുസ്ലിങ്ങൾക്ക് പ്രാർത്ഥന നടത്താൻ ഉള്ളതല്ല. അവിടെ നമസ്കരിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും മേധ വ്യക്തമാക്കി.
ശനിവാർ സന്ദർശിക്കാൻ എത്തിയ മുസ്ലിം സ്ത്രീകളാണ് നമസ്കരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബിജെപി എംപിയുടെ നടപടി. എന്നാൽ സ്മാരകം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണെന്നും അവർക്ക് പരാതിയുണ്ടെങ്കിൽ മാത്രമേ പരാതി സ്വീകരിക്കുകയുള്ളു എന്നാണ് പോലീസ് കമ്മീഷണറുടെ മറുപടി.
മേധയുടെ ഈ നടപടിക്കെതിരെ അജിത് പവർ നയിക്കുന്ന എൻസിപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയുമെല്ലാം രംഗത്തെത്തി. നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാർക്ക് ഇടയിൽ വർഗീയത ഉണ്ടാക്കുകയാണ് ഇത്തരം നടപടികൾ എന്നാണ് പ്രധാന വിമർശനം.
ശിവജിയുടെ പിന്മുറക്കാരനായ ചക്രവർത്തി ഷാഹു മഹാരാജാവിന്റെ പേഷ്വായായിരുന്ന ബാജി റാവു ഒന്നാമൻ നിർമ്മിച്ച കോട്ടയാണിത്. 1736ൽ നിർമ്മിച്ച ഈ കോട്ട 1818 വരെ പെഷ്വാസിന്റെ ആസ്ഥാനമായിരുന്നു. 1828ൽ തീ പിടിച്ച് കേടുപാടുണ്ടായ കോട്ടയുടെ ചില ഭാഗങ്ങൾ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്.



