ചെന്നൈ– മലയാള സിനിമയിൽ മെലഡികളുടെയും മാസ്സ് ഹിറ്റുകളുടെയും പുതിയ താളം കണ്ടെത്തിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്നാട് സ്വദേശിയാണെങ്കിലും എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ സംഗീത ലോകം ഭരിച്ചിരുന്നത് എസ്.പി. വെങ്കിടേഷ് ആയിരുന്നു. മലയാളത്തിലെ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ നിന്ന് പിറന്നു. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. 1993-ൽ ‘പൈതൃകം’ എന്ന സിനിമയിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



