നോയിഡ – ചാവേറുകളും ആർഡിഎക്സും ഉപയോഗിച്ച് മുംബൈ നഗരത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 51 കാരനായ ബിഹാര്‍ സ്വദേശി അശ്വിനി കുമാർ എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്.
വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ 34 ചാവേറുകളെ സ്ഥാപിച്ചുവെന്നും 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ ഒരു കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടെന്നും ലഷ്കറെ ജിഹാദിയുടെ ഭീകരരാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്നും ഇയാൾ അറിയിച്ചു.
ഇതേത്തുടര്‍ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.