ന്യൂഡല്‍ഹി– 2008 മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് മാര്‍ച്ച് 10 പുലര്‍ച്ചെ രഹസ്യാന്യേഷണ സംഘത്തോടൊപ്പം ഇന്ത്യയില്‍ എത്തിക്കും. റാണ ഇന്ത്യയിലെത്തിയ ആദ്യത്തെ ആഴ്ച അന്യേഷണത്തിനും ചോദ്യം ചെയ്യലിനുമായി ദേശീയ അന്യേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യു.എസ് കോടതികളുടെ ശുപാര്‍ശകള്‍ക്കനുസൃതമായി, ഡല്‍ഹിയിലെയും മുംബൈയിലെയും ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും എന്‍.ഐ.എയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലായിരിക്കും റാണയെ കൈമാറുക.
പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൈ്വബ (എല്‍.ഇ.ടി) സജീവ പ്രവര്‍ത്തകനാണെന്ന് അറിയപ്പെടുന്നു. 2008 നവംബര്‍ 11നും 21നും ഇടയില്‍ റാണ ദുബായി വഴി മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
നവംബര്‍ 26ന് നടന്ന മുംബൈ ആക്രമണത്തില്‍ 170ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 2020 ജൂണില്‍ ഇന്ത്യ റാണയുടെ താല്‍ക്കാലിക അറസ്റ്റിന് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലേക്ക് കൈമാറുന്നത് തടയണമെന്നാവിശ്യപ്പെട്ട് തഹാവൂര്‍ റാണ സമര്‍പ്പിച്ച അപേക്ഷ യു.എസ് സുപ്രീംകോടതി നിരസിച്ചു. 64 കാരനായ റാണ ഇപ്പോൾ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ്.