മുംബൈ – മുംബൈയിൽ കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മോണോറെയിൽ തകരാറിലായി. മുംബൈ മൈസൂർ കോളനി സ്റ്റേഷനു സമീപം ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതി വിതരണം മുടങ്ങിയതോടെ ട്രാക്കിൽ നിന്നുപോയത്. ഇതോടെ 500 ലധികം യാത്രക്കാർ മണിക്കൂറോളം ട്രെയുനിനുള്ളിൽ കുടുങ്ങി.
അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി ക്രെയിലുപയോഗിച്ച് ആളുകളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. നിറയെ യാത്രക്കാരുണ്ടായതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറക്കാനായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.