പുല്‍വാമ– ജമ്മുകശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് മാതാവ് കീഴടങ്ങാന്‍ അപേക്ഷിച്ച മകന്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി അമീര്‍ നസീര്‍ വാണി കൊല്ലപ്പെട്ടു. സുരക്ഷാസേനകളുടെ സംയുക്ത ഓപ്പറേഷനില്‍ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ആസിഫ് അഹമ്മദ് ഷെയ്ഖ്, യാവര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് മറ്റു രണ്ട് പേര്‍.
ട്രാല്‍ മേഖലയിലെ നാദിര്‍ ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് വീഡിയോ കോള്‍ ചെയ്താണ് തീവ്രവാദി മാതാവിനോട് സംസാരിച്ചത്. മകനോട് കീഴടങ്ങാനും മറ്റും അമ്മ അപേക്ഷിക്കുകയും, സൈന്യം വരട്ടെ കാണാം എന്ന് മകന്‍ മറുപടി പറയുകയും ചെയ്തു. രണ്ട് ദിവസമായി ഭീകര്‍ക്കെതിരെ വന്‍ തിരച്ചില്‍ നടപടിയാണ് സുരക്ഷാ സേന ആരംഭിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സേന ഐ.ഇ.ഡി ഉപയോഗിച്ച് വീട് തകര്‍ത്ത ആസിഫാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഭീകരരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോപ്പിയാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ കെല്ലറില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഷോപ്പിയാനിലെ കെല്ലര്‍ വനം മേഖലയില്‍ ഒളിച്ചു കഴിയുകയായിരുന്ന ഭീകരരുടെ കയ്യില്‍ നിന്ന് എ.കെ 47 തോക്കുകളും മറ്റ് നിരവധി ആയുധങ്ങളും കണ്ടെടുത്തു.