ന്യൂഡൽഹി: കോൺഗ്രസ് നേതാവും വിശ്വപരൗരനുമായ ഡോ. ശശി തരൂർ എം.പിയുടെ മടിയിലിരുന്നുള്ള കുരങ്ങന്റെ കുസൃതി ചിത്രങ്ങൾ വൈറൽ. തരൂർ തന്നെയാണ് കുരങ്ങുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
നാലു ചിത്രങ്ങളാണ് ശശി തരൂർ പങ്കുവച്ചത്. ഇതിൽ ഒന്ന് കുരങ്ങൻ തരൂരിന്റെ മടിയിൽ കയറി ഇരുന്ന് പിന്നിലേക്ക് നോക്കുന്നതാണ്. കുരങ്ങൻ പഴം കഴിക്കുന്നതാണ് മറ്റൊരു ചിത്രം. മൂന്നാമത്തേത് പഴത്തിന്റെ തൊലി തരൂരിന്റെ മടിയിൽ തന്നെ ഉപേക്ഷിച്ച് കുരങ്ങൻ ജാക്കറ്റ് പരിശോധിക്കുന്നതാണ്. കുരങ്ങൻ തരൂരിന്റെ മടിയിൽ കിടന്ന് സുഖമായി ഉറങ്ങുന്നതാണ് നാലാമത്തെ ചിത്രം. ചിത്രത്തിന് താഴെ വൻ പ്രതികരണമാണ് വരുന്നത്. അഞ്ച് മണിക്കൂറിനകം അഞ്ചുലക്ഷത്തിലധികം ആളുകളാണ് ചിത്രങ്ങൾ കണ്ടത്.
അസാധാരണമായ ഒരു അനുഭവമാണ് ഇന്നുണ്ടായതെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് രാവിലത്തെ പത്രങ്ങൾ വായിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞ് നേരെ എന്റെ അടുത്തേക്ക് വന്ന് മടിയിൽ കയറി ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ കഴിഞ്ഞു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ, അവൻ ചാടി എഴുന്നേറ്റുവെന്നാണ് കുറിപ്പ്.
‘വന്യജീവികളോടുള്ള ബഹുമാനം ഞങ്ങളിൽ വേരൂന്നിയതാണെന്നും അതിനാൽ കുരങ്ങുകടിയുടെ അപകട സാധ്യതയെക്കുറിച്ച് എനിക്കൽപ്പം ആശങ്കയുണ്ടായിരുന്നുവെന്നും ശശി തരൂർ മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി. എങ്കിലും ഇതിന് പേവിഷബാധ ആവശ്യമായി വന്നേക്കാം. ഞാൻ ശാന്തനായിരുന്നു, അവന്റെ സാന്നിധ്യം ഭീഷണിയല്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ വിശ്വാസം ശരിയായതിലും ഞങ്ങളുടെ കണ്ടുമുട്ടൽ തികച്ചും സമാധാനപരവും സൗമ്യവുമായിരുന്നതിനാലും ഞാൻ സംതൃപ്തനാണ്. 1.5 ദശലക്ഷം വർഷം മുമ്പ് ആദ്യകാല മനുഷ്യവർഗങ്ങൾ ഒരുമിച്ച് ജീവിച്ചിരുന്നെന്ന് ഗവേഷകരെ ഉദ്ധരിച്ച് അദ്ദേഹം സൂചിപ്പിച്ചു.