ന്യൂഡൽഹി– രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ 2014ലെ തെരഞ്ഞെടുപ്പ് കള്ളവോട്ടുകളെ കുറിച്ച് വിവരം നൽകിയ ഫോൺകോൾ ഓർത്തെടുത്ത് ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എ റശീദുദ്ദീൻ. 2014ലെ വോട്ടിംഗ് കഴിഞ്ഞ ദിവസം ലാൻഡ് നമ്പറിൽ നിന്ന് വിളിച്ച് അജ്ഞാതനായ ഒരാൾ വാരണാസിയിൽ വ്യാപകമായി കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു കട്ട് ചെയ്തു.
ധൈര്യമുണ്ടെങ്കിൽ അന്യേഷിച്ചോളൂ, കുറഞ്ഞത് രണ്ട് ലക്ഷം വോട്ടെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഇയാൾ വ്യക്തമാക്കി. നമ്പറിന് പിറകെ പോയപ്പോൾ ജമ്മു ഇന്റലിജൻസ് ബ്യൂറോയിൽ നിന്നായിരുന്നു ആ കോള്. പിന്നീട് പരാതിയായി തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പിലെത്തുകയും തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതായുമുള്ള സംഭവം റശീദുദ്ദീൻ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.
നരേന്ദ്ര മോദി ഊതി വീർപ്പിച്ച ബലൂണാണെന്നും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ആ ഉദ്യോഗസ്ഥനെ താനിപ്പോഴും നന്ദിയോടെ ഓർക്കാറുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു. വാരാണാലിയിൽ മോദി ഒരിക്കലും നേർക്കു നേർ വിജയിച്ചിട്ടില്ല. 3,11,000 വ്യാജ വോട്ടുകൾ മണ്ഡലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്നേ ആരോപണമുയർന്നതാണ്. 2024ലെ ഇലക്ട്രോണിക് വോട്ടേഴ്സ് ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധി റിസർച്ച് ചെയ്തപോലെ വാരണസിയിലെ വോട്ടർപ്പട്ടിക വെച്ച് നടത്തിയാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
പോസ്റ്റിന്റെ പൂർണ രൂപം
2014 ലെ വോട്ടിംഗ് കഴിഞ്ഞ് ദൽഹിയിലെ ഓഫീസിൽ ഇരിക്കുമ്പോൾ അസാധാരണമായ ഒരു ഫോൺ സന്ദേശം എന്നെ തേടിയെത്തി. ഒരു ലാൻഡ് നമ്പറിൽ നിന്നാണ് ആ വിളി. മുഖവുരയായി അദ്ദേഹം ഒരു കാര്യം ആദ്യമേ പറഞ്ഞു. മിസ്റ്റർ റഷീദ്, ഡോൺഡ് ആസ്‌ക് മി വു ആം ഐ. എനിക്ക് താങ്കളോട് ഒരു വിവരം പറയാനുണ്ട്. ധൈര്യമുണ്ടെങ്കിൽ അന്വേഷിച്ചോളൂ. വാരാണസിയിൽ വ്യാപകമായ തോതിൽ കള്ളവോട്ടുകൾ ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് രണ്ട് ലക്ഷമെങ്കിലും. കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുമ്പെ ആ ഫോൺ ഡിസ്‌കണക്ട് ആയി.
ജമ്മുവിൽ നിന്നായിരുന്നു വിചിത്രമായ ആ ഫോൺകോൾ. അദ്ദേഹം മറച്ചു പിടിച്ചെങ്കിലും അതാരുടെ നമ്പറാണെന്ന് സ്വാഭാവികമായും ഞാൻ തപ്പിപ്പിടിച്ചു. അവിടത്തെ ഇന്റലിജൻസ് ബ്യൂറോയിൽ നിന്നായിരുന്നു ആ കോൾ. തെരഞ്ഞെടുപ്പു പ്രക്രിയയിൽ എന്തെങ്കിലും ചുമതല വഹിച്ചിരിക്കാൻ ഇടയുള്ള ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനാവാം. ഈ വോട്ടുകൾ ആർക്ക് വേണ്ടി പോൾ ചെയ്യപ്പെട്ടു എന്ന് പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം പരാതിയായി കമ്മീഷന്റെ മുമ്പിലെത്തുകയും അവരത് തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തള്ളുകയും ചെയ്തു. ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് നരേന്ദ്ര മോദിയെന്നും രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുള്ള ഉദ്യോഗസ്ഥരിൽ അദ്ദേഹത്തെ കുറിച്ച് ആശങ്കയുണ്ടെന്നും ഞാനിപ്പോഴും നന്ദിയോടെ ഓർക്കുന്ന ഒരു സംഭവമായിരുന്നു ആ ഫോൺ കോൾ.
വാരാണസിയിൽ നരേന്ദ്ര മോദി ഒരിക്കലും നേർക്കു നേരെ ജയിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. 3,11,000 വ്യാജവോട്ടുകൾ മണ്ഡലത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്നേ ആരോപണമുയർന്നതാണ്. മോദിക്ക് നാല് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം കിട്ടാനുള്ള ഒരു സാധ്യതയും അന്ന് വാരാണസിയിൽ ഉണ്ടായിരുന്നില്ല. ഒന്നാമതായി, മുരളീ മനോഹർ ജോഷിയുടെ മണ്ഡലം മോദി പിടിച്ചടക്കിയതിനു ശേഷം അവിടത്തെ ബി.ജെ.പിയിൽ കടുത്ത അസംതൃപ്തി പുകയുന്നുണ്ടായിരുന്നു. രണ്ടാമതായി, മോദി കരുതും പോലെ അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന് അത്ര വലിയ വളക്കൂറുള്ള മണ്ണായിരുന്നില്ല വാരാണസി. രണ്ടാം തവണയാകട്ടെ ചിത്രം നേർക്കു നേരെ മോദിക്കെതിരെ തിരിഞ്ഞു കഴിഞ്ഞിരുന്നു.
2019ൽ മോദി തോൽക്കുമെന്ന് ഉറപ്പിക്കാനാവുന്ന തെളിവുകളായിരുന്നു വാരാണസിയിൽ. പോഷാകഹാര കുറവ് മൂലം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന കഥകൾ പോലും മണ്ഡലത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വാരാണസിയിലെ ചെറിയ ക്ഷേത്രങ്ങൾ തകർത്ത് ഗഗാനദിയിലേക്ക് ഇടനാഴി പണിത മോദിക്കെതിരെ അവിടത്തെ ഹിന്ദുസമൂഹത്തിൽ കടുത്ത അതൃപ്തിയാണ് നിലനിന്നത്. വാരാണസിയെയും ഗംഗാ നദിയെയും വികസിപ്പിക്കുക എന്ന മുദ്രാവാക്യം വെറും തട്ടിപ്പാണെന്നും കുറെ ഗുജറാത്തി കോൺട്രാക്ടർമാർക്ക് മാത്രം കരാറുകൾ നൽകുന്ന മോദിയുടെ പദ്ധതികൾ വാരാണസിക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നും അവിടത്തുകാർ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. എന്നിട്ടും മോദി 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറി. ആ ഭൂരിപക്ഷം അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഒരു നിലക്കും ഒത്തുപോകുന്ന ഒന്നായിരുന്നില്ല.
മുരളീ മനോഹർ ജോഷിക്കെതിര മൽസരിക്കുന്ന അജയ് റായിയെ 2009 മുതൽ എനിക്കറിയാം. എന്റെ മനസ്സ് പറയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിച്ചിട്ടുണ്ടാവാമെന്നാണ്. 2024ലെ ഇലക്ട്രോണിക് വോട്ടേഴ്സ് ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടാലുമില്ലെങ്കിലും കർണാടകയിൽ ചെയ്ത ആ റിസർച്ച് പോലൊന്ന് വാരാണസിയിലെ പട്ടിക വെച്ച് നടത്തിയാൽ എന്തായിരിക്കും മോദിയുടെ അവസ്ഥയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.