ലഖ്നോ: മതപരിവർത്തനം നടത്താതെയുള്ള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആര്യസമാജ് ക്ഷേത്രത്തിൽ വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് സോനു എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ ഈ വിധി പ്രസ്താവിച്ചത്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സ് പൂർത്തിയായതായും തങ്ങൾ ഒരുമിച്ച് താമസിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി, തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ, വിവാഹസമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തവളായിരുന്നുവെന്നും ഇരുവരും മതപരിവർത്തനം നടത്തിയിട്ടില്ലാത്തതിനാൽ ആര്യസമാജ് ക്ഷേത്രത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനാൽ, ഹർജി തള്ളുകയും സോനുവിനെതിരായ ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കാൻ വിസമ്മതിക്കുകയും ചെയ്തു.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്കോ മതപരിവർത്തനം ചെയ്യാത്ത മിശ്രദമ്പതികൾക്കോ വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആര്യസമാജ് ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് ഹോം സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ഡി.സി.പി റാങ്കിൽ കുറയാത്ത ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഈ അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഹിന്ദു വിവാഹ നിയമം 1955 പ്രകാരം, വിവാഹത്തിന് വരനും വധുവും ഹിന്ദുക്കളായിരിക്കണം (ജനനം മുഖേനയോ മതപരിവർത്തനം വഴിയോ). ആര്യസമാജ് ചടങ്ങുകൾ ദുരുപയോഗം ചെയ്ത് സ്പെഷ്യൽ മാര്യേജ് ആക്ട് മറികടക്കുന്നത് നിയമലംഘനമാണെന്ന് കോടതി വിമർശിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, നിർബന്ധിത തൊഴിൽ എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.