ന്യൂഡൽഹി– മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇന്ത്യയിൽ നിർണായക നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. രാജ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ($17.5 ബില്യൺ) നിക്ഷേപിക്കാനാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
മൈക്രോസോഫ്റ്റിൻ്റെ ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമാണിത്.
ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ച് പ്രചോദനാത്മകമായ ചർച്ച നടത്തിയതിന് നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എക്‌സിലൂടെ നന്ദി അറിയിച്ചു.
“രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ ‘എഐ-ഫസ്റ്റ്’ ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നതിന് ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമായ 17.5 ബില്യൺ യുഎസ് ഡോളർ മൈക്രോസോഫ്റ്റ് വാഗ്‌ദാനം ചെയ്യുന്നു,” നദെല്ല തൻ്റെ പോസ്റ്റിൽ കുറിച്ചു.
ഇന്ത്യൻ സാങ്കേതിക മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുന്നതാണ് മൈക്രോസോഫ്റ്റിൻ്റെ ഈ സുപ്രധാന നിക്ഷേപം.



