പൽവാൾ– ഹരിയാനയിലെ പൽവാൾ ജില്ലയിലുള്ള തിക്രി ബ്രാഹ്മണ ഗ്രാമത്തിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അജ്ഞാതരായ ഒരു സംഘം പള്ളിയുടെ ജനൽ തകർത്ത് അകത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. റമദാനിലെ അവസാന പത്തുദിവസത്തെ ഇഅ്തികാഫിനായി പള്ളിയിൽ കഴിഞ്ഞിരുന്ന വിശ്വാസികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഈ ക്രൂരകൃത്യം. എന്നാൽ, തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിശ്വാസികൾ ഉണർന്ന് പ്രതിരോധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
മാർച്ച് 11-ന് പുലർച്ചെ 1.25-ഓടെയാണ് സംഭവം നടന്നതെന്ന് പള്ളി ഇമാം സുബൈർ നൽകിയ പരാതിയിൽ പറയുന്നു. ഇമാമിനെ കൂടാതെ ഇഖ്ബാൽ, ഹനീഫ്, സുഹൈൽ എന്നിവരാണ് ആ സമയം പള്ളിയിൽ ഉണ്ടായിരുന്നത്. പള്ളിക്കുള്ളിൽ പുകയും ചൂടും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. ഗ്രാമവാസികൾ ഉടനടി സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. സംഭവത്തിൽ പള്ളി ഇമാമിൻ്റെ പരാതി പ്രകാരം രാംരൂപ് എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് ചിലർക്കുമെതിരെ സദർ പോലീസ് കേസെടുത്തു.
പൽവാൾ പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ലയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷ്യൽ ക്രൈം യൂണിറ്റും സൈബർ സെല്ലും അന്വേഷണത്തിൽ പങ്കുചേരുന്നുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. മത സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വക്താവ് സഞ്ജയ് കുമാർ വ്യക്തമാക്കി.
പ്രദേശത്ത് നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ അഞ്ചിലധികം പോലീസ് സംഘങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മുൻപ് 2025-ലും സമാനമായ രീതിയിൽ മതപരിവർത്തന ആരോപണം ഉന്നയിച്ച് ഇവിടെ സംഘർഷമുണ്ടാക്കാൻ ശ്രമം നടന്നിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.



