ഹൈദരാബാദ്– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും എന്നാൽ പാവപ്പെട്ട ജനങ്ങളോട് പൗരത്വ രേഖകൾ ഹാജരാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എസ്ഐആർ (SIR) നടപടികളുടെ ഭാഗമായി സാധാരണക്കാരോട് നിരവധി രേഖകൾ ആവശ്യപ്പെടുന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ ‘ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതിയേയും രേവന്ത് റെഡ്ഡി കടന്നാക്രമിച്ചു. രാജ്യത്ത് ‘ഒരാൾ, ഒരു പാർട്ടി’ എന്ന സ്വേച്ഛാധിപത്യ രീതി കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ബിജെപി ലക്ഷ്യമിട്ടത് ഭരണഘടന തിരുത്തിയെഴുതാനായിരുന്നു. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ, എസ്ഐആർ വഴി പാവപ്പെട്ടവരുടെയും നിരക്ഷരരുടെയും വോട്ടിംഗ് അവകാശം കവർന്നെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും രേവന്ത് റെഡ്ഡി ചൂണ്ടികാട്ടി.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ രാഹുൽ ഗാന്ധി പലതവണ ആവശ്യപ്പെട്ടിട്ടും അത് പുറത്തുവിടാൻ തയ്യാറായിട്ടില്ലെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി. വിവരവാകാശ നിയമപ്രകാരം പോലും ഈ വിവരങ്ങൾ ലഭ്യമല്ലാതാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാൾക്ക് തന്റെ സർട്ടിഫിക്കറ്റ് കാണിക്കാൻ എന്താണ് ഇത്ര പ്രയാസം. സ്വന്തം രേഖകൾ വെളിപ്പെടുത്താത്തവർ സാധാരണക്കാരോട് അച്ഛന്റെയും മുത്തച്ഛന്റെയും ജനന സർട്ടിഫിക്കറ്റുകൾ ചോദിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുൻഗാമികളുടെ ജനനവിവരങ്ങളും രേഖകളും പാവപ്പെട്ടവർ എവിടെനിന്ന് കണ്ടെത്തുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



