മംഗുളൂരു– ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവ് മുഹമ്മദ് അഷ്റഫിനെ (36) ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യവിലോപം കാണിച്ചതിന് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി. മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി.ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലലിംഗ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഏപ്രില്‍ 27ന് നടന്ന പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെയാണ് അഷ്‌റഫ് ആക്രമണത്തിന് ഇരയായത്. 25ലധികം വരുന്ന ആളുകളാണ് അഷ്‌റഫിനെ അടിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞിട്ടും ആദ്യ ഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹത്തിന് നേരിയ പോറല്‍ എന്നാണ് രേഖപ്പെടുത്തിയത്. പ്രതിഷേധം കനത്തതോടെയാണ് പൊലീസ് കൊലപാതമെന്ന് രേഖപ്പെടുത്തിയത്.
പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്ക് വഴങ്ങിയാണ് പോലീസ് വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൃത്യവിലോപം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവോ ആവശ്യപ്പെട്ടു. പൊലീസിന്റെ അനാസ്ഥയും തെറ്റായ നടപടികളും കോടതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമുദായ നേതാക്കളും സംഘടനകളും രംഗത്തെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അഷ്റഫിന് നീതി ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതുവരെ 20ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്