മംഗലാപുരം: വയനാട് പുൽപ്പള്ളി സ്വദേശി അഷ്‌റഫിനെ മംഗലാപുരത്ത് ആൾക്കൂട്ടം തല്ലിക്കൊന്നതിനു പിന്നിൽ പാകിസ്താൻ മുദ്രാവാക്യം എന്ന ആരോപണം വ്യാജം. ബത്ര കല്ലൂർത്തി ക്ഷേത്രത്തിനു സമീപമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ ഞായറാഴ്ച മൂന്നു മണിയോടെയാണ് അഷ്‌റഫിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. അഷ്‌റഫ് ‘പാകിസ്താൻ സിന്ദാബാദ്’ എന്നു വിളിച്ചതാണ് കൊലപാതകത്തിനു കാരണം എന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നു. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന കാര്യങ്ങളൊന്നും പൊലീസ് റിപ്പോർട്ടിൽ ഇല്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം ഇരുപതു പേരെ പൊലീസ് അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും ആർ.എസ്.എസ്, ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്നാണ് വിവരം. ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രം പ്രവേശനമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപമെത്തിയ അഷ്‌റഫിനെ ഒരുപറ്റം യുവാക്കൾ ചോദ്യം ചെയ്യുകയും പേരും മതവും തിരിച്ചറിഞ്ഞതോടെ ആക്രമിക്കുകയുമായിരുന്നു. അഷ്‌റഫിനെ രക്ഷിക്കാൻ സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ ശ്രമിച്ചെങ്കിലും അക്രമാസക്തരായ ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. കൈകാലുകളും വടികളും ഉപയോഗിച്ചുള്ള മർദനത്തിൽ പരിക്കേറ്റ അഷ്‌റഫ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ക്ഷേത്രത്തിനു സമീപം മൃതദേഹം കണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പിന്നീട് ദൃക്‌സാക്ഷി മൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ 25-ഓളം പേരെ പ്രതിചേർക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും നിർണായകമായി. സച്ചിൻ ടി, ദേവദാസ്, മഞ്ജുനാഥ്, സന്ദീപ്, നിതേഷ് കുമാർ, ദീക്ഷിത് കുമാർ, സായ്ദീപ്, വിവിയൻ അൽവാരസ്, രാഹുൽ, പ്രദീപ് കുമാർ, മനീഷ് ഷെട്ടി, ധനുഷ്, ദീക്ഷിത്, കിഷോർ കുമാർ, യതിരാജ്, അനിൽ, സുശാന്ത്, ആദർശ് എന്നിവരടക്കം 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരും മംഗലാപുരം കുഡുപ്പു സ്വദേശികളാണ്.
കൊലപാതകം നടത്തി സ്ഥലംവിട്ട പ്രതികൾ കെട്ടിച്ചമച്ച കഥയാണ് പാകിസ്താൻ മുദ്രാവാക്യം എന്നാണ് സൂചന. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഇക്കാര്യം ഏറ്റുപിടിക്കുകയായിരുന്നു. എന്നാൽ, പിന്നീട് പൊലീസ് നടത്തിയ വിശദീകരണങ്ങളിലൊന്നും ഈ ഭാഷ്യം ആവർത്തിച്ചിട്ടില്ല. സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നവർ കൈമാറണമെന്ന് മംഗളുരു റൂറൽ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.