ലക്നൗ – കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയക്കിടെ 40 കാരൻ്റെ വയറ്റിൽ നിന്നും കിട്ടിയ സാധനങ്ങൾ കണ്ട് ഡോക്ടർമാരുടെ കണ്ണു തള്ളി. 29 സ്പൂണുകൾ, 19 ടൂത്ത് ബ്രഷുകൾ, 2 പേന തുടങ്ങി ഒരു സ്റ്റേഷനറി കട തന്നെയുണ്ടായിരുന്നു ഈ 40 കാരൻ്റെ വയറ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ബുലന്ദ്ശഹർ നിവാസിയായ സച്ചിൻ്റെ വയറ്റിൽ നിന്നാണ് 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഇത്രയും വസ്തുക്കൾ നീക്കം ചെയ്തത്.
മയക്കുമരുന്നിന് അടിമയായ സച്ചിനെ വീട്ടുകാർ ചേർന്ന് ഡി അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് ഇയാൾക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടത്. കൂടുതൽ പരിശോധനക്കായി എക്സ്-റേ എടുത്തപ്പോഴാണ് വയറ്റിൽ ഖരരൂപത്തിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് അൾട്ര സൗണ്ട് സ്കാനിനുശേഷം ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
ഡി അഡിക്ഷൻ സെൻ്ററിൽ വളരെ കുറച്ച് ഭക്ഷണം മാത്രമെ കൊടുത്തിരുന്നുള്ളു. അതിനാൽ ഇവിരുത്തെ ഭക്ഷണ ക്രമീകരണങ്ങളിൽ ഇയാൾ അസംതൃപ്തനായിരുന്നു. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും ഇവിടെ അനുവദിനീയമായിരുന്നില്ല. ഈ സാഹചര്യത്തിൽ പ്രകോപിതനായി സച്ചിൻ, ദിവസേന സ്പൂണുകളും, ടൂത്ത് ബ്രഷുകളുമെല്ലാം മോഷ്ടിച്ച് ശുചിമുറിയിൽ കയറി കഷണങ്ങളാക്കി വിഴുങ്ങുകയായിരുന്നു. മയക്കുമരുന്ന് ആസക്തി ഒരു വ്യക്തിയുടെ മനോനിലയെ എത്രത്തോളം മാറ്റിമറിക്കും എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ