മംഗളൂരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അജ്ഞാത യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്. സംഭവത്തിൽ പത്തിലധികം പേർ അറസ്റ്റിലായി.
സച്ചിൻ എന്ന വ്യക്തിയും കൊല്ലപ്പെട്ടയാളും തമ്മിൽ നടന്ന വഴക്കാണ് കൂട്ട ആക്രമണത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), സന്തോഷ് (33), ധീക്ഷിത് കുമാർ (32), സന്ദീപ് (23), അൽവാരസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ് ഷെട്ടി (21), ധനുഷ് (31), ധീക്ഷിത് (27), കിഷോർ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.
കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര സംഭവം സ്ഥിരീകരിച്ചു. വിശദ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഇദ്ദേഹം ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിച്ചുപറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടെന്നും ഇതിനെതുടർന്ന് ചിലർ അദ്ദേഹത്തെ തല്ലിച്ചതച്ചതായും വിവരം ലഭിച്ചു. ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് മരണപ്പെട്ടു. സംഭവത്തിൻെറ പൂർണ്ണ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുന്നു- മന്ത്രി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
വെൻലോക്ക് ജില്ല ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആന്തരിക രക്തസ്രാവവും മുതുകിൽ ആവർത്തിച്ചുള്ള അടിയേറ്റുമാണ് ഇദ്ദേഹം മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൈകാലുകൾ, പുറം, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ മരക്കഷണങ്ങൾ കൊണ്ട് ആക്രമിച്ചത് കൊണ്ടുള്ള മുറിവേറ്റതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രഥമ വിവര റിപ്പോർട്ടിൽ പ്രതികളായി 19 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊബൈൽ ഡാറ്റയുടെയും വിശകലനത്തിലൂടെ സംഭവത്തിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം നീളും.