കൊല്‍ക്കത്ത– പശ്ചിമബംഗാളിലെ വിവാദ പരമായ അധ്യാപകനിയമനത്തെ റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുകയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുപ്രീം കോടതി പിരിച്ചുവിട്ട ആയിരക്കണക്കിന് യോഗ്യരായ അധ്യാപകരുടെ ജോലി സംരക്ഷിക്കുമെന്ന് മമത പ്രതിജ്ഞയെടുത്തു.
അധ്യാപകരാകാന്‍ അര്‍ഹതപ്പെട്ടവരുടെയും അര്‍ഹതയില്ലാത്തവരുടെയും ലിസ്റ്റ് നല്‍കി സുപ്രീം കോടതി വ്യക്തമാക്കണമെന്നും, വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മമത പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ വ്യാപം കേസില്‍ എത്രയധികം ആളുകളാണ് കൊല്ലപ്പെട്ടത്, അവര്‍ക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന നീറ്റ് പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയില്ലെന്നും മമത പറഞ്ഞു. ബംഗാളിന്റെ കഴിവിനെ ഭയക്കുന്നതിനാലാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞയാഴ്ചയാണ് 2016ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സ്‌കൂള്‍ കമ്മീഷന്‍ നിയമിച്ച 25000ത്തിലധികം അധ്യാപകരുടെയും, ജീവനക്കാരുടെയും നിയമനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി നിയമനം റദ്ദാക്കിയത്. അധ്യാപകരെ തിരഞ്ഞെടുത്തവിധം ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത രൂപത്തില്‍ നിയമം ലങ്കിക്കപ്പെട്ടാണെന്ന് കോടതി പറഞ്ഞു.ഉയര്‍ന്ന റാങ്കുള്ളവരേക്കാള്‍ മുന്‍ഗണന താഴ്ന്ന റാങ്കുകാര്‍ക്ക് നല്‍കിയെന്നും, ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത പാനലിന് പുറത്തുള്ള ആളുകളെ ശുപാര്‍ശ ചെയ്ത് നിയമിച്ചതായും, ഒ.എം.ആര്‍ മാര്‍ക്കില്‍ കൃത്രിമം കാണിച്ചതായും സ്‌കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
വസ്തുതാപരമായ ക്രമക്കേടുകള്‍ സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും വെസ്റ്റ് ബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി(ഡബ്ലു.ബി.എസ്.എസ്.സി) തുടക്കത്തില്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതായും, അധ്യാപകരെ നിയമവിരുദ്ധമായി തിരഞ്ഞെടുത്തതടക്കം മനപൂര്‍വ്വം ചെയ്ത വിട്ടുവീഴ്ചകളാണെന്ന് കോടതി ബോധ്യപ്പെട്ടതായും ഉത്തരവില്‍ പറയുന്നു.