മുംബൈ: 2008ലെ മാലെഗാവ് സ്ഫോടനക്കേസിൽ ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് ഉൾപ്പെടെ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. ഗൂഢാലോചനയുമായോ സ്ഫോടനവുമായോ പ്രതികളെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളോ ഹാജരാക്കാൻ എൻഐഎയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. യുഎപിഎ ഉൾപ്പെടെയുള്ള എല്ലാ കുറ്റാരോപണങ്ങളിൽ നിന്നും പ്രതികളെ കോടതി വെറുതെ വിട്ടു
സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർബൈക്ക് പ്രജ്ഞ സിങ് ഠാക്കൂറിന്റേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോട്ടോർബൈക്കിൽ സ്ഫോടകവസ്തു വെച്ചതാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്ഫോടകവസ്തുക്കൾ വാങ്ങാനുള്ള ഫണ്ട് സമാഹരിക്കുകയും ആക്രമണം ആസൂത്രണം ചെയ്യാൻ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പുരോഹിതിനെതിരെയുള്ള ആരോപണം. എന്നാൽ, പുരോഹിതിന്റെ വസതിയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിനോ ഒരുക്കിയതിനോ തെളിവില്ല എന്ന് കോടതി വ്യക്തമാക്കി.
“ഭീകരതയ്ക്ക് മതമില്ല, കാരണം ഒരു മതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ധാർമിക തെളിവുകളുടെയോ ധാരണകളുടെയോ അടിസ്ഥാനത്തിൽ മാത്രം ആരെയും ശിക്ഷിക്കാൻ കോടതിക്ക് കഴിയില്ല; വ്യക്തമായ തെളിവുകൾ ആവശ്യമാണ്,- വിധിയിൽ പറയുന്നു.
2008 സെപ്റ്റംബർ 29ന് നാസിക്കിനടുത്തുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ തിരക്കേറിയ മാർക്കറ്റിന് സമീപം സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആറു പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ന്യൂനപക്ഷ സമുദായം ഏറെയുള്ള മാലെഗാവിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ.
വിചാരണയിൽ 300-ലധികം സാക്ഷികളെ വിസ്തരിച്ചെങ്കിലും, 34 പേർ പിന്നീട് കൂറുമാറി. 2016-ൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ, പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തി അവർക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്തു. മൂന്ന് പേരെ കോടതി വെറുതെ വിട്ടെങ്കിലും പ്രജ്ഞ സിങ് ഠാക്കൂർ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.
2018-ൽ, ഏഴ് പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതി ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റങ്ങൾ ചുമത്തി, ഇതിൽ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നിവ ഉൾപ്പെട്ടിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇരകളുടെ കുടുംബങ്ങളുടെ അഭിഭാഷകർ അറിയിച്ചു.



