മുംബൈ– മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികനും സംഘത്തിനും കോടതി ജാമ്യം അനുവദിച്ചു. സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനും തിരുവനന്തപുരം അമരവിള സ്വദേശിയുമായ ഫാദർ സുധീറിനും കൂടെയുണ്ടായിരുന്ന 11 പേർക്കുമാണ് വറുട് സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്.
നാഗ്‌പൂർ മിഷനിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ സുധീറിനെ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം ക്രിസ്‌മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഇദ്ദേഹവും സംഘവും. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും ക്രൈസ്‌തവ സഭകൾ കടുത്ത പ്രതിഷേധത്തിലാണ്. ക്രൈസ്‌തവ വിശ്വാസികൾക്കും വൈദികർക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ ജനാധിപത്യത്തിനും മതസ്വാതന്ത്ര്യത്തിനും വെല്ലുവിളിയാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉൾപ്പെടെയുള്ള സഭാ അധ്യക്ഷന്മാർ ക്രിസ്മസ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വൈദികന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചു. രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതാണ് ഈ സംഭവമെന്നും, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലും മലയാളി വൈദികരും കന്യാസ്ത്രീകളും സമാനമായ രീതിയിൽ വേട്ടയാടപ്പെടുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



