മുംബൈ– 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 142ാമത്തെ റാങ്ക് നേടി ഐ.എ.എസ് ഓഫീസറാകുന്ന മഹാരാഷ്ട്രയിലെ ആദ്യത്തെ മുസ്ലിം വനിതയായി അദീബ അനം. മഹാരാഷ്ട്ര യവത്മാല്‍ ജില്ലയിലെ ഓട്ടോ ഡ്രൈവറായ അഷ്ഫാഖ് ഷൈഖിന്റെ മകളാണ് അദീബ. കുടുംബത്തിലെ സാഹചര്യങ്ങള്‍ കാരണം പത്താംക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് അഷ്ഫാഖ് ഷൈഖ്. തനിക്ക് നേടാന്‍ കഴിയാത്ത മകളിലൂടെയെങ്കിലും സാധിക്കണമെന്ന് ആഗ്രഹിച്ച് അദീബക്ക് സാധ്യമായ സൗകര്യങ്ങളെല്ലാം അദ്ദേഹം ചെയ്ത് കൊടുത്തു.
പുനെ അബേദ ഇനാംദാര്‍ കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ അദീബ ആദ്യത്തെ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തെ നേടിയെടുക്കുകയായിരുന്നു. മഹാരാഷ്ട്ര ജനസംഖ്യയുടെ 12 ശതമാനത്തോളം മുസ്ലിംകള്‍ ആണെങ്കിലും ഉന്നത സര്‍ക്കാര്‍ തസ്തികകളില്‍ പ്രാതിനിധ്യം വളരെ കുറവാണ്.
വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ സേവനം ചെയ്യുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദീബ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ജന്മസ്ഥലത്തിന്റെയോ കുടുംബത്തിന്റെ വരുമാനത്തിന്റെയോ പേരില്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ യുവതികള്‍ക്ക് പ്രചോദനമേകുന്ന അദീബയുടെ ഈ വിജയത്തിന് വ്യക്തി പരമായ വിജയത്തേക്കാള്‍ വളരെയധികം സാമൂഹിക പ്രാധാന്യമുണ്ട്.