ന്യൂഡല്‍ഹി– മഹാകുംഭമേള വന്‍ വിജയമായതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്‌രാജില്‍ മതസമ്മേളനം നടത്താന്‍ ഉത്തര്‍പ്രദേശ് ജനങ്ങളുടെ പിന്തുണക്ക് ലോക്‌സഭയില്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ജനുവരി 29 പ്രയാഗ്‌രാജില്‍ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകുംഭമേളയില്‍ രാജ്യത്തെ യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി സംസാരിക്കാന്‍ തയ്യാറായില്ല. പ്രതിപക്ഷത്തിന് ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജനാധിപത്യ ഘടന അനുസരിച്ച് പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം ലഭിക്കണമെന്നും അതിന് അനുവദിക്കാതിരിക്കുന്നതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേളയെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമായിരുന്നെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസത്തോടെ മേളയെ കുറിച്ച് സംസാരിച്ചു. പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായം പറയാന്‍ അവസരം നല്‍കണമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രയാഗ്രാജില്‍ 44 ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ 60 കോടിയോളം തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും വിജയകരമായി പങ്കെടുത്തു. എങ്കിലും ജനുവരി 29 നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരുക്കേറ്റു. ന്യൂഡല്‍ഹി സ്റ്റേഷനില്‍ പ്രയാഗ്രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാനുള്ള തിരക്കില്‍പ്പെട്ട് 18 പേര്‍ മരിച്ചു.