ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പിന് പിന്നാലെ പോളിംഗ് ശതമാനം കുറഞ്ഞതില്‍ നിരാശ പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്.
നഗരമേഖലകളില്‍ തെരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയുണ്ടായെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഗാസിയാബാദ്, ബംഗളൂരു സെന്‍ട്രല്‍, ബംഗളൂരു സൗത്ത് മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 50 പോലും കടന്നില്ലെന്നും കമ്മീഷന് പരാമര്‍ശിച്ചു. നഗരങ്ങളിലെ വോട്ടര്‍മാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങള്‍ നടത്തിയിട്ടും അവര്‍ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. ഇനി അഞ്ച് ഘട്ട തെരഞ്ഞെടുപ്പുകളാണ് നടക്കാനുള്ളത്. തുടര്‍ഘട്ടങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് കമ്മീഷന്റെ നിര്‍ദേശം.
രാജ്യത്ത് 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 66.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 88 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 66.71 ശതമാനം പോളിംഗും രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാല് ശതമാനം കുറവും രണ്ടാം ഘട്ടത്തില്‍ മൂന്ന് ശതമാനം കുറവും പോളിംഗാണ് രേഖപ്പെടുത്തിയത്.