ന്യൂഡൽഹി– എസ്ഐആർ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. സഭാ നടപടികൾ തടസ്സപ്പെടുത്തി നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭ രണ്ടുതവണ നിർത്തിവെച്ചു.
“തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം മാറിനിൽക്കണം. പാർലമെന്റിനെ നാടകശാലയാക്കരുത്, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണിത്” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി പ്രതിപക്ഷത്തെ വിമർശിച്ചു. ബിഹാർ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഭരണപക്ഷം സഭയിലെത്തിയിരുന്നത്.
അതേസമയം, രാജ്യസഭയിൽ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജി വിഷയവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് കാരണമായി. ധൻഖറിന് യാതൊരു യാത്രയയപ്പ് പോലും നൽകാതെ പുറത്താക്കിയത് അപമാനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. “അധ്യക്ഷൻ ഭരണപക്ഷത്തിനൊപ്പം നിൽക്കുന്നു, പ്രതിപക്ഷത്തെ അവഗണിക്കുന്നു” എന്നും ഖർഗെ കുറ്റപ്പെടുത്തി.
ഇതിനു മറുപടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രതിപക്ഷത്തെ പരിഹസിച്ചു: “ബിഹാർ തെരഞ്ഞെടുപ്പ് തോൽവിയിൽ ഇപ്പോഴും ഞെട്ടലിലാണ് പ്രതിപക്ഷം. മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചത് കോൺഗ്രസും സഖ്യകക്ഷികളുമാണ്.”
എസ്ഐആർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, അബ്ദുൾ വഹാബ് തുടങ്ങിയ പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. ആണവോർജ ബിൽ ഉൾപ്പെടെ 13 പ്രധാന ബില്ലുകൾ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കാനുണ്ട്. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നാൽ സമ്മേളനം വഴിമാറിപ്പോകുമെന്ന ആശങ്ക നിലനിൽക്കുന്നു.



