ലഖ്‌നൗ: വിവാദങ്ങള്‍ക്കൊടുവില്‍ ബോളിവുഡ് താരം മമത കുല്‍കര്‍ണിയെ കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. താരത്തെ അഖാഡയില്‍ ചേര്‍ത്ത ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും മഹാമണ്ഡലേശ്വര്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി കിന്നര്‍ അഖാഡ സ്ഥാപകന്‍ റിഷി അജയ് ദാസ് പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചു.
മമത കുല്‍ക്കര്‍ണിയെ അഖാഡയില്‍ ചേര്‍ത്തതിന് പിന്നാലെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ സിനിമാ പശ്ചാത്തലവും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലങ്ങളും വിവാദങ്ങളും പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അഖാഡയ്ക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് താരത്തെ പുറത്താക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിന്നര്‍ അഖാഡ സ്ഥാപകന്‍ റിഷി അജയ് ദാസ് ആണ് പത്രക്കുറിപ്പില്‍ കൂടി ഇക്കാര്യം അറിയിച്ചത്. ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും അടിയന്തരമായി അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
മഹാകുംഭത്തിലെ കിന്നര്‍ അഖാഡയിലെത്തി മമത കുല്‍ക്കര്‍ണി ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. രണ്ട് വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി നടി സഹകരിക്കുന്നുണ്ടായിരുന്നതായി അവര്‍ വ്യക്തമാക്കി. ആരേയും അവരുടെ കല അവതരിപ്പിക്കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കാത്തതിനാല്‍ മമതാ കുല്‍ക്കര്‍ണിക്ക് വേണമെങ്കില്‍ ഏതെങ്കിലും ഭക്തി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുവാദമുണ്ടെന്ന് ലക്ഷ്മി നാരായണ്‍ അന്നേരം പറഞ്ഞിരുന്നു. എന്നാല്‍ താരത്തെ അഖാഡയില്‍ ചേര്‍ത്തതിന് പിന്നാലെ അകത്ത് നിന്നും പുറത്തു നിന്നും വന്‍തോതിലുള്ള വിമര്‍ശനങ്ങളുയര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച കിന്നര്‍ അഖാഡയില്‍ നിന്ന് മമത കുല്‍കര്‍ണിയെ പുറത്താക്കിയതായുള്ള അറിയിപ്പ് വരികയായിരുന്നു.
തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന താരമാണ് മമ്ത കുല്‍കര്‍ണി. രണ്ടായിരത്തിന്റെ തുടക്കം വരെ ബോളിവുഡില്‍ സജീവമായിരുന്നു. മലയാള ചിത്രം ചന്ദാമാമയിലും വേഷമിട്ടിട്ടുണ്ട്. വിവാഹത്തോടെ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2016-ല്‍ താനെയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മമത കുല്‍കര്‍ണിയും ഭര്‍ത്താവും അറസ്റ്റിലായതോടെയാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.