ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16-നോ 17-നോ ആക്രമണം നടത്തുമെന്നാണ് എസ്.എഫ്.ജെയുടെ ഭീഷണി സന്ദേശത്തിലുള്ളത്.
കാനഡയിലെ ബ്രാംടണിൽ നിന്നാണ് വിഡിയോ തയ്യാറാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. കൊല്ലപ്പെട്ട ഖാലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്റെ സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.
തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഇളക്കുമെന്നും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് കാനഡയിലെ ഇന്ത്യക്കാർ വിട്ടുനിൽക്കണമെന്നും സിഖ് ഫോർ ജസ്റ്റിസ് പുറത്തുവിട്ട വിഡിയോയിൽ ആവശ്യപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനുവരിയിൽ പ്രാർത്ഥന നടത്തിയതിന്റെ ചിത്രങ്ങളും വിഡിയോയിലുണ്ട്. 2019 മുതൽ തന്നെ എൻ.ഐ.എ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുർപത്വന്ത് സിങ് പന്നു. പഞ്ചാബിൽ ഉയർന്നു വന്ന വിഘടനവാദത്തെ വളരെയധികം പിന്തുണക്കുന്നതായിരുന്നു പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി നിലകൊണ്ട പന്നു പിന്നീട് ഖാലിസ്താൻ വാദത്തിനും പിന്തുണ നൽകുകയായിരുന്നു.