ന്യൂഡൽഹി: മദ്രസ അടപ്പിക്കുന്നതിൽ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ രംഗത്ത്. കമ്മിഷൻ നിർദേശങ്ങൾക്കെതിരേ വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് കമ്മിഷൻ അധ്യക്ഷന്റെ പുതിയ പ്രതികരണം.
മദ്രസകൾ അടച്ചില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്നാണ് കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂൻഗോ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഏഴുവർഷം നീണ്ട പഠനത്തിന് ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടനെ തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും പ്രിയങ്ക് കനൂൻഗോ ആവശ്യപ്പെട്ടു.
മദ്രസകൾക്ക് ധനസഹായം നല്കുന്നില്ലെന്ന കേരളത്തിന്റെ വാദം കള്ളമാണെന്നും കേരള സർക്കാരിന്റെ നയം മുസ്‌ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും പ്രിയങ്ക് ആരോപിച്ചു. എൻ.ഡി.എയിലെ ഘടകകക്ഷികളും കമ്മിഷൻ തീരുമാനത്തിനെതിരേ പ്രതികരിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു മറുപടി.

ഉത്തർ പ്രദേശ്, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്രസകൾക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മിഷന്റെ പുതിയ ഉത്തരവ്. മദ്ധ്യപ്രദേശിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളിലും അനാഥാലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയ ആളാണ് ബാലവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂൻഗോ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇയാളെ ഉപയോഗിച്ചാണ് മോഡി സർക്കാറിന്റെ നീക്കമെന്നും ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് റിപോർട്ടുകൾ.
അതിനിടെ, മദ്രസ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും നേതാക്കളും രംഗത്തെത്തി.
ബാലവകാശ കമ്മിഷന്റേത് ദുഷ്ടലാക്കോടെയുള്ള തീരുമാനമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മദ്രസകളെ താറടിക്കുകയാണെന്നും ബാലവകാശ കമ്മിഷൻ ചെയർമാന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔപചാരിക വിദ്യാഭ്യാസം വേണ്ടെന്ന് ഒരു മദ്രസയിലും പഠിപ്പിക്കുന്നില്ലെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

മദ്രസ സംവിധാനത്തെ തകർക്കണമെന്നത് സംഘപരിവാർ അജണ്ടയാണെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന്റെ നിർദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നീക്കം വർഗീയപരവും വിവേചനപരവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൽഅസീസ് പ്രതികരിച്ചു.
കേന്ദ്ര നീക്കത്തിനെതിരെ സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസും രംഗത്തെത്തി. കേരളത്തിലെ മദ്രസകൾക്ക് സർക്കാർ ഫണ്ട് നല്കുന്നില്ലെന്നും എന്നാൽ ഉത്തരേന്ത്യയിലെ മദ്രസകളിൽ ഫണ്ട് നൽകാറുണ്ടെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഇപ്പോഴത്തെ ബാലാവകാശ കമ്മിഷന്റെ നിർദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിർദേശത്തിനെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദേശത്തിനെതിരെ കൂടുതൽ മുസ്‌ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം രംഗത്തുവരാനുള്ള സാധ്യതയാണുള്ളത്. മുസ്‌ലിം സംഘടനകൾ സംയുക്തമായി നിയമ പോരാട്ടം ഉൾപ്പെടെയുള്ള പ്രക്ഷോഭ മുഖം തുറക്കുമെന്നാണ് വിവരം.
