കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നത് തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അത് യാഥാർത്ഥ്യമാക്കുമെന്നും തമിഴ്നാട് തദ്ദേശ മന്ത്രി ഐ പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്ക് തമിഴ്നാട് സർക്കാരിന് അവകാശമുണ്ട്. ഇക്കാര്യം വൈക്കം സന്ദർശനവേളയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചത്. തമിഴ്നാട് ഔദ്യോഗികമായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയത്. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും കണ്ടുമുട്ടുന്ന വൈക്കത്ത് വച്ച് പ്രശ്നം ചർച്ചചെയ്യുമെന്ന് കരുതിയെങ്കിലും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തല നടപടികളിലൂടെ പരിഹാരം കാണുകയായിരുന്നു. സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അനുമതി നൽകി ഉത്തരവിറക്കിയത്. ദിവസങ്ങൾക്ക് മുമ്പ് വനംവകുപ്പിന്റെ വള്ളക്കടവ് ചെക്ക്‌പോസ്റ്റ് വഴി മുല്ലപ്പെരിയാർ ഡാമിലേയ്ക്ക് മെയിന്റനൻസിനായി തമിഴ്നാട് കൊണ്ടുവന്ന എം.സാന്റ് ലോറികൾ തടഞ്ഞിട്ടിരുന്നു.
ഏഴ് നിബന്ധനകളോടെയാണ് കേരളം അനുമതി നൽകിയത്. പുതിയ നിർമ്മാണങ്ങൾ നടത്തരുത്, എം.ഐ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിലാകണം, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുമ്പോൾ വനനിയമങ്ങൾ പാലിക്കണം, മറ്റ് സാമഗ്രികളൊന്നും ഡാം സൈറ്റിൽ കൊണ്ടുവരരുത് തുടങ്ങിയവയാണ് നിബന്ധനകൾ.