തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പ് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. നിലവിലെ 5000 കോടിയുടെ നിക്ഷേപത്തിന് പുറമെ 20000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നടത്താൻ പോകുന്നത്. അടുത്ത അഞ്ച് വർഷം കൊണ്ട് 30000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ കരൺ അദാനി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ഇൻവസ്‌റ്റ് കേരളയുടെ ഉദ്ഘാടന ചടങ്ങിലാണ് കരൺ അദാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 5500 കോടിയുടെ നിക്ഷേപം നടത്തുമെന്നും കരൺ അദാനി പറഞ്ഞു. നിലവിലെ യാത്രികരുടെ എണ്ണം 4.5 മില്യണിൽ നിന്ന് 12 മില്യണായി ഉയർത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമായ വികസിത ഭാരത് ലക്ഷ്യം കാണണമെങ്കിൽ പ്രാദേശിത തലങ്ങളിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിയണം. കേരളം അത്തരത്തിൽ ആസൂത്രിതമായ നിക്ഷേപത്തിലൂടെ വികസനം കൊണ്ടുവരാം കഴിയും എന്നതിന് മികച്ച ഉദാഹരണമാണെന്ന് കരൺ വ്യക്തമാക്കി