കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും കുഞ്ഞു പിറന്നു. പുതിയൊരംഗം കൂടി കുടുംബത്തിലെത്തിയ സന്തോഷം കേരളാ ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗിക എഫ്.ബി അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
ഒപ്പം കുഞ്ഞിനെ മുത്തുന്ന താരം ലൂണയുടെയും മരിയാനയുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ‘പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നു. ആൺകുഞ്ഞ് സാന്റീനോയെ വരവേൽക്കുന്ന മരിയാനക്കും ലൂണക്കും അഭിനന്ദനങ്ങൾ. കുടുംബത്തിന് എല്ലാവിധ സ്നേഹവും സന്തോഷവും നേരുന്നു!’ എന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ് കുറിച്ചത്.
ഇതറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങളുമായി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. ബ്ലാസ്റ്റേഴ്സിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായാണ് നിർണായക ഘട്ടങ്ങളിൽ ക്ലബ്ബിനെ നയിച്ച ലൂണയെ കണക്കാക്കുന്നത്. 2021-22 ഐ.എസ്.എൽ സീസണിലാണ് ലൂണ ക്ലബിനൊപ്പം ചേർന്നത്. അന്ന് ഫൈനലിലേക്ക് ടീമിന് ബർത്ത് ലഭിച്ചതിൽ ഈ ഉറുഗ്വേ താരത്തിന്റെ അസാമാന്യമായ മിടുക്ക് പറഞ്ഞറിയിക്കാനാകാത്തതാണ്. ഈയിടെ പരുക്കുകൾ വേട്ടയാടിയെങ്കിലും ഇതുവരെയായി 55 മത്സരങ്ങളിൽനിന്നായി 13 ഗോളുകളും 17 അസിസ്റ്റുകളും ബ്ലാസ്റ്റേഴ്സിനായി താരം സ്വന്തം അക്കൗണ്ടിൽ കുറിച്ചിട്ടുണ്ട്.
കുറിയ പാസുകളും ത്രസിപ്പിക്കുന്ന മിന്നൽ നീക്കങ്ങളിലൂടെയും മൈതാനം നിറഞ്ഞാടുന്ന ഈ 32-കാരനെക്കുറിച്ച് പറയാൻ കളിക്കമ്പക്കാർക്ക് നൂറു നാവാണ്. ടീം സ്പിരിറ്റും ബുദ്ധിപൂർമായ ചുവടുകളിലൂടെയും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിറഞ്ഞ കൈയടി നേടാൻ താരത്തിനായിട്ടുണ്ട്. എതിർ കോട്ടകളിൽ ഭീതി നിറയ്ക്കുന്ന ആക്രമണത്തിന്റെയും തന്ത്രങ്ങളുടെയും കുന്തമുനയായ ലൂണയുടെയും പത്നിയുടെയും ജീവിതസന്തോഷത്തിൽ നിറഞ്ഞ പിന്തുണയും സന്തോഷവും പ്രാർത്ഥനയും അറിയിക്കുകയാണ് ആരാധാകർ.
രണ്ടുവർഷം മുമ്പ് താര ദമ്പതികളുടെ ആറു വയസ്സുള്ള മകൾ ജൂലിയറ്റിന്റെ വിയോഗം ബ്ലാസ്റ്റേഴ്സ് കുടുംബത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ശ്വാസകോശ, ദഹനവ്യവസ്ഥയെ ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കിടെയായിരുന്നു പൊന്നുമോളുടെ അന്ത്യം.